കെ കെ ജയേഷ്
ബ്രേക്കിംഗ് ന്യൂസ്........ പത്രപ്രവര്‍ത്തകന്റെ സാഹസിക കഥകള്‍
കര്‍ത്താവ് ചോദിക്കും...
പ്രത്യേകിച്ച് പരിപാടികള്‍ ഒന്നുമില്ലാത്ത ദിവസമാണ്. മന്ത്രിമാരോ മതനേതാക്കളോ ഒന്നും പരിപാടിയുമായി ജില്ലയിലില്ല. വൈകീട്ട് കോര്‍പ്പറേഷനില്‍ പോയാല്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് വഴക്കു കൂടുന്ന കൗണ്‍സില്‍ യോഗം കണ്ടിരിക്കാം. അത് മാത്രമാണ് ഇന്നത്തെ പ്രധാന പരിപാടി.
പ്രസ് ക്ലബിന്റെ ശീതീകരിച്ച മുറിയിലിരിക്കുമ്പോള്‍ ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ബിജു വിളിച്ചു.
'പത്രസമ്മേളനം തുടങ്ങാന്‍ ഇനിയും കഴിയും.. വാ.. നമുക്ക് ഒന്ന് പുകച്ചുവരാം...'
ഗോപാലേട്ടന്റെ നൈറ്റ് കഫേയ്ക്ക് മുമ്പില്‍ ഒരു ഫില്‍ട്ടര്‍ പുകച്ച് നില്‍ക്കുമ്പോള്‍ ഒരു പൊലീസ് ജീപ്പ് ഇരമ്പി വന്നു. സിഗരറ്റ് നിലത്തിട്ട് ചവുട്ടിക്കെടുത്തിയ ബിജു ജീപ്പ് അകന്ന് പോകുന്നത് കണ്ട് പിറുപിറുക്കാന്‍ തുടങ്ങി.
'കാലമാടന്‍മാര്‍... രണ്ടര രൂപയാണ് പോയത്'
'അതിന് നിന്നോടാരാ കെടുത്താന്‍ പറഞ്ഞത്.. നമ്മള്‍ സിഗരറ്റ് വലിക്കുന്നത് നോക്വല്ലേ അവര്‍ക്ക് പണി'
ബിജുവിന് ദ്വേഷ്യം വന്നു. 'നിനക്കതൊക്കെ പറയാം. ഇന്നാള് പിടിച്ചിട്ട് അഞ്ഞൂറ് രൂപയാ പോയത്. 200 രൂപയാ ആദ്യം പറഞ്ഞത്. പത്രക്കാരനാണെന്ന് പറഞ്ഞപ്പോള്‍ ഫൈന്‍ അഞ്ഞൂറാക്കി. അത്രയ്ക്ക് താത്പര്യാ പൊലീസുകാര്‍ക്ക് പത്രക്കാരോട്'
ഞാന്‍ ഒരു കവിള്‍ കൂടി വലിച്ച് ഫില്‍ട്ടര്‍ ബിജുവിന് നല്‍കി. ഭക്ഷണം കഴിക്കുമ്പോള്‍ പോലുമില്ലാത്ത ആക്രാന്തത്തോടെ അവന്‍ പുക വലിച്ചു കയറ്റുന്നത് കണ്ടപ്പോള്‍ ചിരി വന്നു.
'മതിയെടാ... ആ പഞ്ഞിയും വലിച്ചു കേറ്റണ്ടാ....'
ഹാളില്‍ ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെ നേതാവായ സുഗുണന്‍ വാമനപുരത്തിന്റെ പത്രസമ്മേളനമാണ്. പാര്‍ട്ടി സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസം കാരണം പാര്‍ട്ടി പിളര്‍ന്നുവെന്ന വാര്‍ത്ത അറിയിക്കുകയാണ്. ടെലിവിഷന്‍ ക്യാമറകള്‍ കണ്ണു തുറന്നതോടെ നേതാവ് ഉഷാറായി.
'ആഗോളവത്ക്കരണത്തിനെതിരെയുള്ള പാര്‍ട്ടിയുടെ നിലപാടുകള്‍ മറന്ന് പാര്‍ട്ടിയെ സാമ്രാജ്യത്വത്തിന്റെ തൊഴുത്തില്‍ കെട്ടാനുള്ള പാര്‍ട്ടി ചെയര്‍മാന്‍ മാത്യു താമരക്കാനത്തിന്റെ ശ്രമത്തില്‍ പ്രതിഷേധിച്ച് ഞാനും പതിനായിരക്കണക്കിന് അനുയായികളും പാര്‍ട്ടി വിടുകയാണ്...'
മുഷിഞ്ഞ ജൂബായിട്ട് ഉറക്കെ ചിരിക്കുന്ന നേതാവിനൊപ്പം രണ്ടു മൂന്ന് കോലങ്ങള്‍. ഇവരായിരിക്കും ആ പതിനായിരക്കണക്കിന് അനുയായികള്‍.
'ഇനിയെന്താണ് നേതാവെ ഭാവി പരിപാടി'
ലോകത്ത് എല്ലാ പ്രമുഖരുമായും അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന ആരാധാനാ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഗോപാലന്‍ വളപട്ടണത്തിന്റേ ചോദ്യം കേട്ടതോടെ നേതാവ് കൂടുതല്‍ ഉഷാറായി. പിന്നെ പെരുമഴ പോലെ വാക്കുകളുടെ പ്രവാഹമായിരുന്നു. അമേരിക്കയും ഉഗാണ്ടയും അഫ്ഗാനിസ്ഥാനുമെല്ലാം കടന്ന് നേതാവ് ഡല്‍ഹി വഴി കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഹാളില്‍ ഭൂരിഭാഗം പേരും ഉറക്കം പിടിച്ചിരുന്നു.
ഗോപാലന്‍ വളപട്ടണം നിര്‍ത്താനുള്ള ഭാവമില്ല. കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് പോവകയാണ് അവന്‍. ചോദ്യങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് നേതാവിന്റെ പത്രസമ്മേളനം കവല പ്രസംഗമായി മാറിക്കഴിഞ്ഞു.
പെട്ടന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന കവന കൗമുദി പത്രത്തിന്റെ ബ്യൂറോ ചീഫ് സിദ്ധാര്‍ത്ഥന്‍ പരുത്തിപ്പാറ ഉച്ചത്തില്‍ പിറുപിറുത്തു.
'ഇയാളിത് വരെ നിര്‍ത്തിയില്ലേ....'
എന്തോ പുതിയ ചോദ്യം ചോദിക്കാന്‍ തുനിഞ്ഞ ഗോപാലന്‍ വളപട്ടണത്തിന്റെ ചുമലില്‍ സിദ്ധാര്‍ത്ഥന്റെ കൈ പതിഞ്ഞു.
'------ മോനേ.... മതി നിന്റെ ചോദ്യം...ഞങ്ങള്‍ക്ക് പോയിട്ട് വേറെ ജോലിയുണ്ട്'
ബീച്ച് പാലസില്‍ പോയി നാലെണ്ണം വീശലാണ് സിദ്ധാര്‍ത്ഥനുള്ള പണിയെന്ന് അറിയാമെങ്കിലും ഗോപാലന്‍ വളപട്ടണം ഒന്നും പറഞ്ഞില്ല.
ആരും ഒന്നും ചോദിക്കുന്നില്ലെന്നായപ്പോള്‍ നേതാവ് മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു
'ആര്‍ക്കും ഇനിയൊന്നും ചോദിക്കാനില്ലല്ലോ...
പുറകിലെ കസേരയില്‍ കണ്ണടച്ചിരുന്ന വാസ്‌കോ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കണ്ണു തുറന്ന് പിറുപിറുത്തു
'ഉണ്ടെടാ... നിന്നോട് ഒരു പാട് ചോദിക്കാനുണ്ട്... എല്ലാം കര്‍ത്താവ് ചോദിച്ചോളും.......